02:43pm 28 October 2026
NEWS
ഒരു ബില്യൺ ഡോളറും തുർക്കിയിലെ ഏറ്റവും സുന്ദരിയായ യുവതിയേയും തരണം; തുർക്കിയുമായി നയതന്ത്രബന്ധം തുടരാൻ വിചിത്ര ആവശ്യങ്ങളുമായി യുഗാണ്ടയുടെ സൈനിക മേധാവി
12/04/2026  04:18 PM IST
nila
ഒരു ബില്യൺ ഡോളറും തുർക്കിയിലെ ഏറ്റവും സുന്ദരിയായ യുവതിയേയും തരണം; തുർക്കിയുമായി നയതന്ത്രബന്ധം തുടരാൻ വിചിത്ര ആവശ്യങ്ങളുമായി യുഗാണ്ടയുടെ സൈനിക മേധാവി

തുർക്കിയുമായി നയതന്ത്രബന്ധം തുടരാൻ രണ്ട് അസാധാരണ ആവശ്യങ്ങൾ മുന്നോട്ട് വെച്ച് യുഗാണ്ടയുടെ സൈനിക മേധാവി മുഹൂസി കൈനെരുഗാബ. സൊമാലിയയിൽ തീവ്രവാദ വിരുദ്ധ ദൗത്യങ്ങളിൽ യുഗാണ്ട വർഷങ്ങളായി നൽകിയ സൈനിക സംഭാവനയ്ക്ക് പ്രതിഫലമായി 1 ബില്യൺ ഡോളർ നൽകണമെന്നാണ് അദ്ദേഹത്തിന്റെ ഒന്നാമത്തെ ഡിമാൻഡ്. സൊമാലിയയിലെ അടിസ്ഥാന സൗകര്യങ്ങളിലൂടെ, പ്രത്യേകിച്ച് മൊഗാദിഷുയിലെ തുറമുഖവും വിമാനത്താവളവും വഴി തുർക്കി സാമ്പത്തിക നേട്ടം കൊയ്യുന്നുവെന്നും യുഗാണ്ടയുടെ സൈനിക മേധാവി ആരോപിക്കുന്നു.

തുർക്കിയിലെ “ഏറ്റവും സുന്ദരിയായ യുവതിയെ തനിക്ക് നൽകണം എന്നതാണ്  മുഹൂസി കൈനെരുഗാബയുടെ രണ്ടാമത്തെ ആവശ്യം. ഈ യുവതിയെ താൻ വിവാഹം കഴിക്കുമെന്നും മുഹൂസി കൈനെരുഗാബ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകളിലാണ് മുഹൂസി കൈനെരുഗാബ തന്റെ വിചിത്ര ആവശ്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ, കംപാലയിലെ തുർക്കി എംബസി അടച്ചുപൂട്ടൽ, തുർക്കിഷ് എയർലൈൻസിന് വിലക്ക്, നയതന്ത്രബന്ധ വിച്ഛേദം തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന ഭീഷണിയും അദ്ദേഹം ഉയർത്തി.

യുഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേണിയുടെ മകനായ കൈനെരുഗാബ ഇത്തരം വിവാദ പരാമർശങ്ങൾ നടത്തുന്നത് പുതുമയല്ല. മുമ്പ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടതും, നിരസിച്ചാൽ ഇറ്റലി ആക്രമിക്കുമെന്നുമുള്ള പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു. അന്നത്തെ വിവാദത്തിൽ മുസേവേണി പൊതുവായി ക്ഷമാപണം നടത്തുകയും മകനെ വിമർശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ വിവാദത്തിൽ യുഗാണ്ട സർക്കാരോ തുർക്കിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img